'ആടാനല്ല, പാടാനല്ല, കോലം കെട്ടി തുള്ളാനല്ല, കളിക്കാനാണീ മൈതാനം'. മൂന്ന് ദശാബ്ദം മുമ്പ് നഗരവീഥികളില്‍ മുഴങ്ങിയ ഈ മുദ്രാവാക്യത്തിന്റെ ഓര്‍മകളിലേക്ക് എറണാകുളം മഹാരാജാസ് കോളേജിനെയും നിരവധി ഉജ്വല കായിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ കോളേജ് മൈതാനത്തേയും സ്‌നേഹിക്കുന്നവര്‍ ഉണരേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. സമ്മേളനങ്ങള്‍ക്കും ഗാനമേളകള്‍ക്കുമായി മഹാരാജാസ് മൈതാനം കുത്തിക്കിളച്ച് കുറ്റി നാട്ടുന്ന പതിവിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും കൈ കോര്‍ത്ത് സമരം നടത്തിയത് 1978ലാണ്. അതിന്റെ ഫലമായാണ് ഈ മൈതാനം ഇന്നും മൈതാനമായി തന്നെ നിലനില്‍ക്കുന്നത്.
എം.ജി റോഡ്, ഹോസ്പിറ്റല്‍ റോഡ്, പി.ടി. ഉഷ റോഡ്, ഫാഷന്‍ സ്ട്രീറ്റ് എന്നീ പ്രധാന വീഥികള്‍ അതിരിടുന്ന മഹാരാജാസ് കോളേജ് മൈതാനം കയ്യേറാനുള്ള മറ്റൊരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ സബ് സ്റ്റേഷനുകള്‍ക്ക് വേണ്ടി മൈതാനത്തിന്റെ ഒരു ഭാഗം ഏറ്റെടുത്തു നല്‍കാനുള്ള തീരുമാനം മഹാരാജാസിനെ സ്‌നേഹിക്കുന്നവര്‍ മാത്രമല്ല ഈ നഗരവാസികളും കായികപ്രേമികളും ഞെട്ടലോടെയാണ് ശ്രവിച്ചത്.
മഹാരാജാസ് കോളേജ് ഗ്രൗണ്ട് കയ്യടക്കി തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള നീക്കം നടക്കുന്നത് ഇതാദ്യമായല്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ജി.സി.ഡി.എയും അടക്കം നഗരത്തിന്റെ ഈ ഹരിതശ്വാസകോശം കയ്യടക്കി വാണിജ്യതാല്‍പര്യങ്ങള്‍ക്കായി തീറെഴുതാന്‍ പലപ്പോഴായി ശ്രമം നടത്തിയിരുന്നു. ശക്തമായ ചെറുത്തുനിന്ന് മഹാരാജാസിനെ സ്‌നേഹിക്കുന്നവര്‍ ആ നീക്കങ്ങളെ പരാജയപ്പെടുത്തിയതിന്റെ ചരിത്രം മനസിലാക്കാതെയാണ് കെ.എസ്.ഇ.ബിക്കു വേണ്ടിയുള്ള ഇപ്പോഴത്തെ കരുനീക്കം.
1977 വരെ നഗരത്തിലെ മുഴുവന്‍ സമ്മേളനങ്ങളുടെയും വേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടായിരുന്നു. സമ്മേളനങ്ങള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്ഥലം. ചെറുതും വലുതുമായ സമ്മേളന വാഹനങ്ങളുടെ പാര്‍ക്കിങില്‍ മൈതാനം ചെളിക്കുണ്ടായി മാറി. കൊച്ചി നഗരസഭ വര്‍ഷം തോറും സംഘടിപ്പിച്ചിരുന്ന വാണിജ്യ വ്യാപാര മേളയുടെ വേദിയും ഈ മൈതാനമായിരുന്നു. സന്തോഷ് ട്രോഫി ഫുട്‌ബോളും ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍വിറ്റേഷന്‍ ഗോള്‍ഡ് കപ്പ് ഫുട്‌ബോളും നടത്തുന്നതിനായി നന്നാക്കിയിരുന്ന മൈതാനം വീണ്ടും ചെളിക്കുണ്ടായി മാറുന്നതില്‍ ഗതികെട്ടാണ് വിദ്യാര്‍ഥികള്‍ 1978ല്‍ തെരുവിലിറങ്ങി സമരം നടത്തിയത്.
മഹാരാജാസ് ഗ്രൗണ്ട് കായികാവശ്യങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ എന്നാവശ്യപ്പെട്ടായിരുന്നു സമരം. കോളേജിലെ കായികവിദ്യാര്‍ഥികളാണ് സമരത്തിനായി ആദ്യം മുന്നിട്ടിറങ്ങിയത്. യേശുദാസിന്റെ ഗാനമേളയ്ക്കായി മൈതാനത്തിന് കുറുകെ ഗ്യാലറി കെട്ടാനുള്ള തീരുമാനമാണ് അതിന് നിമിത്തമായത്. ഗ്രൗണ്ടിനെ ചെളിക്കുണ്ടാക്കി നശിപ്പിക്കുന്ന നീക്കത്തിനെതിരെ കോളേജിലെ ഫുട്‌ബോള്‍, ഹോക്കി, ക്രിക്കറ്റ് ടീം അംഗങ്ങളും, അത്‌ലറ്റിക് ടീമംഗങ്ങളും കായികാധ്യാപകരും ചേര്‍ന്ന് നടത്തിയ പ്രതിഷേധസമരം നഗരം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ഷാജി.പി.ചാലി, ബേബി മാത്യു, ബാബു മാത്യു, കെവിന്‍ റൊസാരിയോ, രാജഗോപാല്‍, നാരായണന്‍കുട്ടി, സി.എം. ജോണി, വര്‍ഗീസ് കോശി, മാത്യു ഡാനിയേല്‍, വര്‍ഗീസ് ഡാനിയേല്‍, സതീഷ്, തോമസ് തുടങ്ങി കോളേജിന്റെ അക്കാലത്തെ അഭിമാനതാരങ്ങളെല്ലാം സമരത്തില്‍ സജീവമായിരുന്നു.
'ആടാനല്ല, പാടാനല്ല, കോലം കെട്ടി തുള്ളാനല്ല, കളിക്കാനാണീ മൈതാനം' എന്ന മുദ്രാവാക്യമുയര്‍ത്തി ജേഴ്‌സി അണിഞ്ഞ കോളേജ് കായികതാരങ്ങള്‍ നഗരത്തില്‍ മുന്നു ദിവസമാണ് പ്രകടനം നടത്തിയത്. തൊട്ടടുത്ത ദിവസം അന്നത്തെ സ്‌പോര്‍ട്‌സ് മന്ത്രി ആര്‍.എസ്. ഉണ്ണി സ്റ്റേഡിയത്തില്‍ എത്തിയതറിഞ്ഞ് വിദ്യാര്‍ഥികള്‍ തടിച്ചുകൂടി മന്ത്രിയെ ഘെരാവോ ചെയ്തു. വിദ്യാര്‍ഥികളുടെ പരാതി കേട്ട മന്ത്രി, മൈതാനം കായികമത്സരങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും നല്‍കില്ലെന്ന് ഉറപ്പു നല്‍കി. ആ ഉറപ്പാണ് നാളിതു വരെയും പാലിക്കപ്പെട്ടത്.
ഇന്ന് (ആഗസ്റ്റ് നാല്) വീണ്ടുമൊരു പ്രതിഷേധത്തിന് മഹാരാജാസ് മൈതാനം സാക്ഷ്യം വഹിക്കുമ്പോള്‍ അതില്‍ അണിചേരേണ്ട കടമ ഈ കലാലയത്തെയും മൈതാനത്തെയും സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്.
- jayachandran's blog
- Log in or register to post comments


1 comment
Maharaja's College Ground
അറബിയും ഒട്ടകവും കഥ ഓര്‍ക്കുക. ഒട്ടകം ആദ്യം ഒരു കാലു വെയ്ക്കാനുള്ള അനുമതിയാണ് അറബിയോട് ആവശ്യപെട്ടത്. ഒടുവില്‍ അറബി പുറത്തും ഒട്ടകം അകത്തും. അതുപോലെ മഹാരാജാസിന്റെ ഒരു ഇഞ്ച് ഭൂമി ആര്കെങ്കിലും പങ്കുവയ്ക്കാന്‍ അനുവതിച്ചാല്‍ അത് മഹാരാജാസിന് എന്നന്നേക്കുമായി നഷ്ട്ടപ്പെടും. അതുകൊണ്ട് ഇത് ഒരിക്കലും അനുവതിച്ചു കൂടാ. മുപ്പതു വര്ഷം മുന്‍പ് നേടി എടുത്ത ആ അവകാശം കാത്തു സൂക്ഷിക്കുവാന്‍ ഇന്നുള്ള തലമുറയ്ക്ക് ബാധ്യത ഉണ്ട്. അല്ലങ്കില്‍ ഭാവി തലമുറ നമുക്ക് ഒരിക്കലും മാപ്പ് തരില്ല.
ഇതിനു മുന്‍കൈ എടുത്ത സാനു മാഷിനും മറ്റു അധ്യാപകര്‍ക്കും OSAക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരായിരം നന്ദി.