കൊച്ചി: മഹാരാജാസ് കോളേജ് തന്നെ തിരിച്ചറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍. ഈ കലാലയത്തിലെ വഴികളില്‍ താന്‍ അപരിചിതനായിരിക്കുമോ എന്ന ആശങ്കയിലാണ് പലപ്പോഴും ഇവിടേക്ക് കയറാന്‍ മടിച്ചിരുന്നതെന്ന് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയായ സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

ഓടക്കുഴല്‍ അവാര്‍ഡ് ജേതാവായ സുഭാഷ് ചന്ദ്രന് മഹാരാജകീയം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ സംഘാടക സമിതി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എ വിദ്യാര്‍ഥിയായി താന്‍ മഹാരാജാസിലുണ്ടായിരുന്നെങ്കിലും കലാലയ ബഹളങ്ങള്‍ക്കിടയില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല. തിരിച്ചറിയപ്പെടുകയെന്നത് ഏതൊരു മനുഷ്യനെയും പോലെ താനും ആഗ്രഹിച്ചിരുന്നു. ഇപ്പോഴത് സംഭവിച്ചിരിക്കുന്നു. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന നല്‍കിയ സ്വീകരണം എക്കാലവും മനസില്‍ സൂക്ഷിക്കുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. എല്‍.വി. രാമസ്വാമി അയ്യരില്‍ തുടങ്ങി കുറ്റിപ്പുറം കേശവന്‍ നായരും ജി. ശങ്കരക്കുറുപ്പും മുതല്‍ ഡോ. എം. ലീലാവതിയും പ്രൊഫ. എം.കെ. സാനുവും കെ.ജി. ശങ്കരപ്പിള്ളയും വരെ നീളുന്ന മഹാരാജാസിന്റെ പ്രൗഢമായ സാഹിത്യപാരമ്പര്യത്തിന്റെ കണ്ണിയാണ് സുഭാഷ് ചന്ദ്രനെന്ന് പ്രൊഫ. അരവിന്ദാക്ഷന്‍ പറഞ്ഞു. ജി, ശങ്കരക്കുറുപ്പിന്റെ സ്മരണകളുണര്‍ത്തുന്ന പുരസ്‌കാരത്തിനാണ് സുഭാഷ് ചന്ദ്രന്‍ അര്‍ഹമായിരിക്കുന്നതെന്നത് കൂടുതല്‍ ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകം സി.ഐ.സി.സി ജയചന്ദ്രന്‍ സദസിന് പരിചയപ്പെടുത്തി. എം.എ. ബാലചന്ദ്രന്‍, പ്രൊഫ. ടി.പി. ജമീല, കെ.യു. ബാവ, എം.ബി. വിശ്വന്‍, ആസാദ് എന്നിവര്‍ സംസാരിച്ചു.

 

 

Share/Save