കൊച്ചി: അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് മഹാരാജാസ് കോളേജ് കാമ്പസില്‍ സ്വിച്ചോണ്‍. മഹാരാജാസ് കോളേജിലെ മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ അമല്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന സിനിമയ്ക്ക് സ്വിച്ചോണ്‍ നടത്താനെത്തിയതും മറ്റൊരു മഹാരാജാസുകാരനാണ് - മമ്മൂട്ടി. പി. രാജീവ് എം.പി, പി.എം. ഹാരിസ്, സിയാദ് കോക്കര്‍, സി.ഐ.സി.സി ജയചന്ദ്രന്‍ എന്നിവരടക്കം നിരവധി പേര്‍ പുതിയ സിനിമയ്ക്ക് ക്യാമറ ചലിക്കുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നിവയ്ക്കു ശേഷം അമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ചിത്രത്തിന്റെ ഛായാഗ്രഹണവും അമല്‍ നിര്‍വഹിക്കും. യുവാക്കളുടെ നഗരജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത കഥാകാരന്‍മാരായ ആര്‍.ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍, നിത്യാമേനോന്‍, രമ്യാനമ്പീശന്‍, സമ്പത്ത്, ബാബുരാജ്, ജഗതി ശ്രീകുമാര്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കലും എഡിറ്റിങ് വിവേക് ഹര്‍ഷനും മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും നിര്‍വഹിക്കുന്നു. തപസ് നായിക്കാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം എസ്.ബി.സതീഷ്. ചിത്രം മാര്‍ച്ച് 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം. അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ പുതിയ ചിത്രങ്ങളും അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.


Recent comments