കൊച്ചി: 'മാറ്റങ്ങളൊന്നുമില്ല, പെയിന്റു ചെയ്തതിനാല്‍ രാജകീയ കലാലയം കുറച്ചൊന്നൊരുങ്ങിയിട്ടുണ്ട്. ചുറ്റുപാടുകള്‍ സംരക്ഷിക്കേണ്ടത് ഇവിടുത്തെ പുതിയ തലമുറയാണ്. അവര്‍ അതിനു മെനക്കെടുന്നില്ല എന്നതില്‍ ചെറിയൊരു വിഷമമുണ്ട്. ബാക്കിയെല്ലാം ഞാന്‍ മുമ്പ് വന്നപ്പോള്‍ ഉള്ളതുപോലെ തന്നെ'. വര്‍ഷങ്ങള്‍ക്കുശേഷം താന്‍ പഠിച്ച എറണാകുളം മഹാരാജാസ് കലാലയത്തിന്റെ ഇടനാഴികളിലൂടേയും ഇടവഴികളിലൂടേയും ഓര്‍മ പുതുക്കി നടന്ന ഏലിയാഹു ബസലേല്‍ എന്ന ഇസ്രായേലുകാരന്‍ പറഞ്ഞു. 

 

മഹാരാജാസിന് എന്നും രാജകീയ പദവിയാണുള്ളത്. അത് ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു. 194950 അധ്യായന വര്‍ഷത്തില്‍ മഹാരാജാസ് കോളജില്‍ ഇന്റര്‍ മീഡിയേറ്റിനു പഠിച്ചതാണ് ഏലിയാഹു ബസലേല്‍. പിന്നീട് ജൂതനായ ബസലേല്‍ ഇസ്രായേലിലേക്ക് കുടിയേറുകയായിരുന്നു. ജൂതനായ ബസലേല്‍ മലയാളിയായ ഫോര്‍ട്ട്‌കൊച്ചിക്കാരി ബിറ്റ്‌സിയോണിനെ ജീവിത സഖിയാക്കി.

 

ഇന്നലെ വൈകിട്ട് നാലോടെ മഹാരാജാസിലെത്തിയ 82 കാരനായ ബസലേലിനൊപ്പം ബിറ്റ്‌സിയോണും ഉണ്ടായിരുന്നു. കോളജിലെത്തിയ ബസലേല്‍ കാമ്പസ് മുഴുവന്‍ ചുറ്റിനടന്നു കണ്ടു. വിവരമറിഞ്ഞ മഹാരാജാസിലെ പുതുതലമുറ വിദ്യാര്‍ഥികള്‍ പഴയ വിദ്യാര്‍ഥിയുടെ വിശേഷങ്ങളറിയാന്‍ ഒപ്പം കൂടി.

 

ചേന്നമംഗലത്തെ ഒരു പുരാതന ജൂത കുടുംബത്തിലായിരുന്നു ബസലേലിന്റെ ജനനം. ചേന്നമംഗലത്തെ സ്‌കൂള്‍ പഠനത്തിനു ശേഷമാണ് ബസലേല്‍ മഹാരാജാസില്‍ ഇന്റര്‍ മീഡിയേറ്റിന് ചേര്‍ന്നത്. ഫിസിക്‌സും കെമിസ്ട്രിയുമായിരുന്നു ഐശ്ചീക വിഷയങ്ങള്‍. വ്യക്തിപരമായ കാരണങ്ങള്‍ മൂലം പഠനം പൂര്‍ത്തീകരിക്കാനായില്ല.തുടര്‍ന്ന് ഇസ്രായേലിലേക്ക് കുടിയേറിയ ബസലേല്‍ അവിടെ ആടുമേയ്ക്കലും കൃഷിയുമായി സജീവമായി. ഇസ്രായേലി സര്‍ക്കാരിന്റെ സഹായത്തോടെ കൃഷിക്കിറങ്ങിയ ഏലിയാഹു ബസലേല്‍ നെഗേവ് മരുഭൂമിയില്‍ പൊന്നുവിളയിച്ചു. തുടര്‍ന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് 1994ല്‍ 'കാപലന്‍' ബഹുമതി നല്‍കി ആദരിച്ചു. 2006ല്‍ ഭാരത സര്‍ക്കാര്‍ ബസലേലിന് പ്രവാസി ഭാരത പുരസ്‌കാരവും നല്‍കി.

 

സേതുവിന്റെ രചനയായ 'മറുപുറ'ത്തില്‍ ബസലേല്‍ കഥാപാത്രമായി വരുന്നുണ്ട്. 

 

മഹാരാജാസിലെത്തിയ ബസലേലിന് പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. മഹാരാജാസിലെ തന്റെ പഠനകാലഘട്ടം മികച്ച അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനെ അപേക്ഷിച്ച് ഇസ്രായേലില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ സ്വതന്ത്രരാണ്.18 വയസുകഴിയുമ്പോഴേ ഇസ്രായേലില്‍ കുട്ടികള്‍ സ്വതന്ത്രരാകുന്നു. അവര്‍ തന്നെയാണ് പിന്നിട് സ്വന്തം കാര്യങ്ങള്‍ നോക്കുന്നത്. കെട്ടുപാടുകളില്ല. പരസ്പരം ഇഷ്ടപെട്ടാല്‍ ആണിനും പെണ്ണിനും വിവാഹം കഴിക്കാം. കേരളത്തെ അപേക്ഷിച്ച് ഇസ്രായേലികള്‍ സ്വതന്ത്രരാണ്. ഇടയ്ക്കുള്ള യുദ്ധങ്ങളാണ് തടസം ബസലേല്‍ പറഞ്ഞു. ഇസ്രായേലില്‍ സമാധാനം വേണമെന്ന് വാദിക്കുന്ന സംഘത്തിലെ അംഗമാണ് ബസലേല്‍. അഞ്ചു വര്‍ഷം മുമ്പാണ് ബസലേല്‍ അവസാനമായി മഹാരാജാസിലെത്തിയത്. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ സേതുവിന്റെ 'മറുപുറം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയിലും പങ്കെടുത്താണ് ബസലേല്‍ മടങ്ങിയത്‌

 

Share/Save