ദശകങ്ങളെ കോര്‍ത്തിണക്കിയെത്തുന്ന ഓര്‍മകളുടെ കടലിരമ്പമാകാന്‍ 'മഹാരാജകീയം' ഒരുങ്ങുന്നു. മഹാരാജാസ് കോളേജ് എന്ന വികാരം നെഞ്ചേറ്റുന്നവരുടെ കൂട്ടായ്മ ഇക്കുറി തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി ഒരുക്കുന്നത് ഒരു ഓര്‍മച്ചെപ്പ് കൂടിയാണ്. ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിലും സമൂഹത്തിന്റെ മറ്റ് സമസ്തമണ്ഡലങ്ങളിലും നക്ഷത്രശോഭയോടെ വിളങ്ങുന്നവരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ചിമിഴായി 'മഹാരാജകീയം' സ്മരണിക ശനിയാഴ്ച നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പ്രകാശനം ചെയ്യും. കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്നും സ്മരണിക ഏറ്റുവാങ്ങുന്നത് മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരി കൂടിയായ ചലച്ചിത്ര നടന്‍ മമ്മൂട്ടിയാണ്.

നാലു വര്‍ഷം മുമ്പ് നടന്ന മഹാരാജകീയം വന്‍ വിജയമായതിന്റെ ഓര്‍മകള്‍ മായുന്നതിന് മുമ്പാണ് മഹാരാജാസ് മുറ്റത്ത് കടന്നു പോയ പന്ത്രണ്ടു പതിറ്റാണ്ടുകളുടെ പ്രതിനിധികളെ വീണ്ടും ഇവിടേക്കെത്തിക്കാന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന ഒരുങ്ങുന്നത്. ചരിത്രമുറങ്ങുന്ന മെയിന്‍ഹാളിന്റെ ഗോവണിപ്പടികള്‍ തുടങ്ങുന്നിടത്തെ ഒ.എസ്.എ ഓഫീസില്‍ തിരക്കിട്ട ഒരുക്കങ്ങളാണ് ഇതിനായി നടക്കുന്നത്. കൂട്ടായ്മക്കെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കുമെന്ന് പ്രസിഡന്റും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്‍. വിശ്വംഭരന്‍ പറഞ്ഞു. ഒരുക്കങ്ങളന്വേഷിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയെത്തിയവര്‍ നിരവധി. മുന്‍ മന്ത്രി ബിനോയി വിശ്വം, ഓടക്കുഴല്‍ പുരസ്‌കാര ജേതാവ് സുഭാഷ് ചന്ദ്രന്‍, മമ്മൂട്ടി, ദിലീപ്, സലിംകുമാര്‍, പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. കെ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം.

സര്‍വവിജ്ഞാനകോശം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി.എസ്. ജോയിയുടെ പത്രാധിപത്യത്തില്‍ തയാറാക്കുന്ന 'മഹാരാജകീയം' സ്മരണിക അവസാനവട്ട മിനുക്കുപണികളിലാണ്. സംഗമത്തിനെത്തുന്ന മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും ഈ ഓര്‍മ്മച്ചെപ്പ് സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി സണ്ണി മാത്യുവും ജനറല്‍ കണ്‍വീനര്‍ സി.ഐ.സി.സി ജയചന്ദ്രനും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, എം.പിമാരായ പി.ടി. തോമസ്, സുരേഷ് കുറുപ്പ്, മുന്‍മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, വി. വിശ്വനാഥമേനോന്‍, ടി.എം. തോമസ് ഐസക്ക്, ബിനോയി വിശ്വം, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ചലച്ചിത്രനടന്‍മാരായ മമ്മൂട്ടി, ദിലീപ്, സംവിധായകന്‍ അമല്‍ നീരദ്, തിരക്കഥാകൃത്ത് ജോണ്‍പോള്‍ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ സ്മരണിക മഹാരാജാസിന്റെ ചരിത്രവഴികളിലേക്ക് വെളിച്ചം വീശും.

മഹാരാജാസ് ജീവിതം നല്‍കിയ കുളിര്‍മയും സന്തോഷവുമാണ് എ.കെ. ആന്റണിയുടെ ഓര്‍മക്കുറിപ്പില്‍ നിറയുന്നത്. കട്ടിക്കാരന്‍ വീട്ടിലെ മരിയ ഫ്രാന്‍സിസ് എന്ന മേഴ്‌സി തന്റെ ജീവിതസഖിയായ കഥ പറയുകയാണ് വയലാര്‍ രവി. ബോട്ടണി വിഭാഗത്തിന്റെ കിഴക്കുവശത്തു വച്ചാണ് തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ഓര്‍മിച്ചെടുക്കുന്നു. ഇന്റര്‍മീഡിയറ്റ് പഠനകാലത്തെ സ്മരണകളാണ് കെ.ആര്‍. ഗൗരിയമ്മ പങ്കുവയ്ക്കുന്നത്. ചങ്ങമ്പുഴയും അക്കാലത്തെ മറ്റ് സഹപാഠികളും ഗൗരിയമ്മയുടെ സ്മരണകളില്‍ നിറയുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണകാലം വരച്ചിടുന്നു മുന്‍മന്ത്രി വി. വിശ്വനാഥ മേനോന്‍.

ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന തേവര സേക്രഡ് ഹാര്‍ട്ടിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം മഹാരാജാസിലേക്ക് ബിരുദത്തിനെത്താന്‍ തന്നെ ആകര്‍ഷിച്ചത് പെണ്‍കുട്ടികളുടെ സാന്നിധ്യമാണെന്ന് തുറന്നു പറയുന്നു മമ്മൂട്ടി. സൗന്ദര്യവൈവിധ്യങ്ങളുടെ സമ്മോഹനസമ്മേളനമെന്നാണ് അക്കാലത്തെ മഹാരാജാസിനെ മെഗാസ്റ്റാര്‍ വിശേഷിപ്പിക്കുന്നത്. ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ജീവിതം എന്തായിത്തീരുമെന്ന് ഊഹിക്കാന്‍ കൂടി വയ്യെന്നാണ് ദീലിപ് എന്ന പഴയ ഗോപാലകൃഷ്ണന്‍ തന്റെ ലേഖനം ഉപസംഹരിക്കുന്നത്. 

സ്വയം ചരിത്രമാകാന്‍ കഴിഞ്ഞ അപൂര്‍വം കലാലയങ്ങളിലൊന്നാണ് മഹാരാജാസ് എന്ന വി. വിശ്വനാഥമേനോന്റെ സാക്ഷ്യപ്പെടുത്തലിന് മറ്റൊരു തൊങ്ങലാകും മഹാരാജകീയം എന്ന ആവേശത്തിലാണ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സമൂഹം.

 

Share/Save